കൊൽക്കത്ത: മുൻ തൃണമൂൽ നേതാവും, നടനുമായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരും. ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലിയിൽ മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ നാളുകളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി വസതിയിൽ എത്തി വിജയ് വർഗ്ഗിയ മിഥുൻ ചക്രബർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന വിവരം വിജയ്‌വർഗ്ഗിയ പുറത്തുവിട്ടത്. മണിക്കൂറുകൾ നേരമാണ് ഇരുവരും തമ്മിലുള്ള ചർച്ച നീണ്ടു നിന്നത് എന്നാണ് റിപ്പോർട്ടുകൾ. മിഥുൻ ചക്രബർത്തിയുടെ രാജ്യസ്‌നേഹത്തിന് മുൻപിൽ പ്രണമിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയ് വർഗ്ഗിയ ട്വിറ്ററിൽ കുറിച്ചു.

ജനുവരിയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വസതിയിൽ എത്തി മിഥുൻ ചക്രബർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ആരംഭിച്ചത്. അതേസമയം മിഥുൻ ചക്രബർത്തി പാർട്ടിയിൽ ചേരുന്നത് ബംഗാളിലെ ബിജെപിയുടെ കരുത്ത് ഇരട്ടിയാക്കും.