ലോകസിനിമയിലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. ഐഎംഡിബിയുടെ ‘മോസ്റ്റ് പോപ്പുലര്‍’ ലിസ്റ്റിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസായ ഐഎംഡിബിയുടെ വെബ്സൈറ്റിലെ ലിസ്റ്റിൽ 10-ാം സ്ഥാനത്താണ് ദൃശ്യം 2 എത്തിയിരിക്കുന്നത്. ലിസ്റ്റിൽ ആദ്യ 9 സ്ഥാനങ്ങളിലും ഹോളീവുഡ് ചിത്രങ്ങളാണെന്നതും ശ്രദ്ധേയമാണ്.

പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ദൃശ്യം 2ന് റേറ്റിംഗ് രേഖപ്പെടുത്തിയ ആകെയുള്ളവരില്‍ 62.5 ശതമാനവും പത്തില്‍ പത്ത് മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 21.1 ശതമാനം പ്രേക്ഷകര്‍ 9 മാര്‍ക്കും 9.4 ശതമാനം പേര്‍ 8 മാര്‍ക്കും നല്‍കിയിട്ടുണ്ട്.

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫെബ്രുവരി 19ന് ഒടിടി വഴി റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. ട്വിറ്ററിലടക്കം ചിത്രം ഇപ്പോഴും ചർച്ചാ വിഷയമാണ്.