തിരുവനന്തപുരം: വാക്‌സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സ്വകാര്യ മേഖലയിൽ കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. വാക്സിനേഷൻ സൈറ്റിൽ രണ്ടാഴ്ചത്തേക്കുള്ള ബുക്കിംഗ് നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വാക്‌സിൻ എടുക്കാൻ എത്തിയ 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടി വന്നത്. രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കാൻ എത്തുമ്പോൾ മറ്റൊരു ദിവസം വരാനായിരുന്നു അധികൃതരുടെ നിർദ്ദേശം. ഇത് പ്രായമായവരെയും രോഗികളെയും ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിലാണ് വാക്‌സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പടെ കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പാങ്ങാപ്പാറ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്ക് രജിസ്‌ട്രേഷൻ നൽകില്ല. നിലവിൽ ടോക്കൺ നൽകിയവർക്കുള്ള ആദ്യ ഡോസ് നൽകിയതിന് ശേഷമാകും പുതിയ രജിസ്‌ട്രേഷൻ ആരംഭിക്കുക. ജില്ലാ തലത്തിലുള്ള ആശുപത്രികളിൽ 300 പേർക്കും ഉപജില്ല ആശുപത്രികളിൽ 200 പേർക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 100 പേർക്കും പ്രതിദിനം വാക്‌സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.