കോഴിക്കോട്: ബസുകളിൽ വലിയ ശബ്ദത്തിൽ പാട്ട് വെയ്ക്കുന്നതിനെതിരെ നടപടിക്ക് ഗതാഗതമന്ത്രിയുടെ നിർദ്ദേശം. മോട്ടോർ വാഹന ചട്ടം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി പറഞ്ഞു. അമിത ശബ്ദത്തിൽ പാട്ടുവെച്ചുള്ള ബസുകളുടെ മത്സരയോട്ടം കഴിഞ്ഞ ദിവസം ജനം ടിവി വാർത്തയാക്കിയിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നിയമലംഘനത്തിനെതിരെ കർശന നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. മോട്ടോർ വാഹന ചട്ടം നിലനിൽക്കെ അത് മറികടന്നുകൊണ്ടാണ് ബസുകളിൽ വലിയ ശബ്ദത്തിൽ പാട്ടുവെയ്ക്കുന്നത്. കാതടിപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുവെയ്ക്കുന്നത് യാത്രക്കാർ ചോദ്യം ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത് ഗൗനിക്കാൻ ബസ് ജീവനക്കാർ തയ്യാറാവുന്നില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടിനൊപ്പം പാട്ട് മൂലം ഏകാഗ്രത നഷ്ടപ്പെടുന്ന ഡ്രൈവർമാർ അപകടം വരുത്തിവെയ്ക്കുന്നതും പതിവാണ്.
പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും ബസുകളിലെ ശബ്ദം 50 ഡെസിബെല്ലിൽ കൂടാൻ പാടില്ലെന്നാണ് നിയമം. പരിശോധനകൾ വഴിപാടാകുന്നതാണ് നിയമ ലംഘകർക്ക് തുണയാകുന്നതെന്ന വിമർശനവും ഇതിനോടകം ഉയർന്നുകഴിഞ്ഞു.