കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമുറപ്പിയ്ക്കാൻ ബിജെപി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗാളിൽ ബിജെപി സംഘടിപ്പിക്കുന്ന മെഗാ റാലിയെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനിയിലാണ് മെഗാറാലി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് മമത സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പരിവർത്തൻ യാത്രയ്ക്ക് തുടക്കമിട്ടിരുന്നു. ഇതിന് മെഗാ റാലിയിലൂടെ സമാപനമാകും. ബംഗാളിൽ എത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ പ്രചാരണത്തിന് ശക്തിപകരും.

തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് ബിജെപി സംഘടിപ്പിക്കുന്ന ആദ്യ മെഗാറാലിയാണ് ഇന്ന് നടക്കുന്നത്. റാലിയിൽ ഏകദേശം 7 ലക്ഷത്തോളം ആളുകൾ പങ്കെടുക്കും. റാലിയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം മറ്റ് ബിജെപി നേതാക്കളും പങ്കെടുക്കും.

അതേസമയം മെഗാറാലിയോട് അനുബന്ധിച്ച് ബ്രിഗേഡ് പരേഡ് മൈതാനിയിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ കൊൽക്കത്ത നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.