ന്യൂഡൽഹി: രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇ- ബുക്ക് ഫോർമാറ്റിലാണ് എൻസൈക്ലോപീഡിയ പുറത്തിറക്കിയിരിക്കുന്നത്. അയോദ്ധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് എൻസൈക്ലോപീഡിയ തയ്യാറാക്കിയത്.

ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും മികച്ച ജീവിത പാഠങ്ങൾ നൽകുന്നുവെന്നും മെച്ചപ്പെട്ട ഇന്ത്യയെ സങ്കൽപ്പിക്കാൻ അവ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുറത്തിറക്കിയ എൻസൈക്ലോപീഡിയ അയോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. കാരണം എൻസൈക്ലോപീഡിയ ശാസ്ത്രത്തിന്റേയും ആത്മീയതയുടെയും എല്ലാ വശങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. അയോദ്ധ്യയിൽ ശ്രീരാമന്റെ ജന്മകാലഘട്ടത്തെ ചോദ്യം ചെയ്യുന്നവർ ഇപ്പോഴും ഉണ്ട്. എന്നാൽ ചരിത്ര വസ്തുതയെ അവർക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.