കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ വെച്ചാല്‍ ഇനി പിടി വീഴും. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.

കാറിലെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

കാറുകള്‍ക്കുള്ളിലെ അലങ്കാരങ്ങള്‍ ഡ്രൈവറുടെ കാഴ്ചയെ സ്വാധീനിക്കും വിധം മാറുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത്.
കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും വയ്ക്കുന്നതും കുറ്റമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ നേരത്തെ തന്നെ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ നടപടി.