കൊച്ചി : ഐഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്‌ക്കെതിരെ കസ്റ്റംസ് നോട്ടിസയച്ച സംഭവത്തില്‍ സന്ദീപാനന്ദഗിരിയെ ഫേസ്ബുക്കിലൂടെ ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ എംഎല്‍എ.

ത്രികാലജ്ഞാനിയാണ് സ്വാമി എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ശബരിനാഥന്‍. ‘നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതികവിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌ നമ്ബരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയെന്നറിയാന്‍ നിമിഷാര്‍ഥങ്ങള്‍ മതി. ജാഗ്രതൈ’ എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്. ഐഫോണ്‍ എവിടെയാണന്ന് കണ്ടെത്താനുള്ള മാര്‍ഗം കഴിഞ്ഞവര്‍ഷം സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പങ്കുവെച്ചുവെന്നും ശബരിനാഥ് കുറിച്ചു.

യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണകടത്ത് വിവാദമാകും വരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്ബര്‍ വഴി സിം കാര്‍ഡും കണ്ടെത്തി. 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.എന്നാല്‍ സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനി പ്രതികരിച്ചിരുന്നു.