കൊച്ചി:സ്പെയിനിലെ അരഗോണ്‍ മോട്ടോര്‍ലാന്‍ഡില്‍ നടന്ന എഫ്ഐഎം 2020 ലോക മോട്ടോ ജിപി ചാമ്പ്യന്‍ഷിപ്പിന്റെ 12ാം റൗണ്ടില്‍ മോട്ടോ 3 വിഭാഗത്തില്‍ ഹോണ്ട മോട്ടോ 3 റൈഡര്‍ ഹൗമെ മസ്സിയക്ക് വിജയം. സ്പാനിഷ് ഗ്രാന്‍ഡ് പ്രീയുടെ 125 സിസി വിഭാഗത്തില്‍, 1961 സ്പാനിഷ് ഗ്രാന്‍ഡ്പ്രീയിലെ ആദ്യ വിജയം മുതല്‍ ഹോണ്ട സ്വന്തമാക്കുന്ന എണ്ണൂറാമത് ഗ്രാന്‍പ്രീ വിജയമാണിത്. 1954ലാണ് ഹോണ്ടയുടെ സ്ഥാപകന്‍ സോയ്ചീരോ ഹോണ്ട അക്കാലത്തെ പ്രശസ്ത മോട്ടോര്‍ സ്പോര്‍ട്സ് മത്സരമായ ഐല്‍ ഓഫ് മാന്‍ ടിടിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം ഒരു റേസിങ് മെഷീന്‍ വികസിപ്പിച്ച് ഐല്‍ ഓഫ് മാന്‍ ടിടി മല്‍സരത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജാപ്പനീസ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാവായി ഹോണ്ട മാറി. 1960ല്‍ എഫ്ഐഎം റോഡ് റേസിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 125 സിസി, 250 സിസി വിഭാഗത്തില്‍ ഹോണ്ട മത്സരിക്കാന്‍ തുടങ്ങി, 1961ല്‍ ടോം ഫിലിസ് സീസണ്‍ സ്പാനിഷ് ഗ്രാന്‍പ്രീയുടെ ആദ്യറൗണ്ടില്‍ ഒന്നാമനായി ഹോണ്ടക്ക് ആദ്യ വിജയം സമ്മാനിച്ചു. തുടര്‍ന്ന് 1962ല്‍ ഹോണ്ട 50 സിസി, 350 സിസി വിഭാഗത്തിലും 1966ല്‍ 500 സിസി വിഭാഗത്തിലും മത്സരിക്കാന്‍ തുടങ്ങി. 1966ല്‍ അഞ്ചുവിഭാഗത്തിലെയും ചാമ്പ്യന്‍ഷിപ്പും നേടി. 1967 സീസണ്‍ അവസാനത്തോടെ ഹോണ്ട റേസിങുമായി ബന്ധപ്പെട്ട ഫാക്ടറി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി 11 വര്‍ഷത്തിന് ശേഷം ഇത് പുനരാരംഭിക്കുമ്പോള്‍ 138 ഗ്രാന്‍പ്രീ വിജയമായിരുന്നു ഹോണ്ടയ്ക്കുണ്ടായിരുന്നത്.
1979ല്‍ എഫ്ഐഎം റോഡ് റേസിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 500 സിസി വിഭാഗത്തിലേക്ക് ഹോണ്ട മടങ്ങിയെത്തി. മൂന്ന് വര്‍ഷത്തിന് ശേഷം 1982ല്‍ അമേരിക്കന്‍ റൈഡര്‍ ഫ്രെഡി സ്പെന്‍സര്‍ തന്റെ ഹോണ്ട എന്‍എസ് 500ല്‍, ബെല്‍ജിയം ഗ്രാന്‍പ്രീയുടെ ഏഴാം റൗണ്ടില്‍ വിജയം നേടി.ലോക ഗ്രാന്‍പ്രീയിലേക്ക് മടങ്ങിയതിന് ശേഷമുള്ള കമ്പനിയുടെ ആദ്യവിജയമായിരുന്നു ഇത്. 2001ല്‍ സീസണ്‍ ആരംഭമായ ജപ്പാന്‍ ഗ്രാന്‍പ്രീയുടെ 500 സിസി വിഭാഗത്തില്‍ ഇറ്റാലിയന്‍ റൈഡര്‍ വാലന്റീനോ റോസിയുടെ വിജയത്തോടെയാണ് ഹോണ്ട 500 ഗ്രാന്‍പ്രീ വിജയമെന്ന നേട്ടം കൈവരിച്ചത്. 2015ല്‍ മാര്‍ക്ക് മാര്‍ക്വേസ് തന്റെ ഹോണ്ട ആര്‍സി 213വിയില്‍ ഹോണ്ടക്ക് 700ാമത് ഗ്രാന്‍പ്രീ വിജയവും സമ്മാനിച്ചു.
ഹോണ്ടയുടെ 800ാമത് എഫ്ഐഎം ലോക ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍പ്രീ വിജയത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് പ്രസിഡന്റും സിഇഒയും റെപ്രസെന്ററ്റീവ് ഡയറക്ടറുമായ തകഹിരൊ ഹചിഗോ പറഞ്ഞു. ലോകമെമ്പാടുമുള്ള ഹോണ്ട ആരാധകര്‍ നല്‍കിയ സഹായങ്ങള്‍ക്കും ഹോണ്ടയുടെ റേസിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവരുടെ അചഞ്ചലമായ പിന്തുണക്കും താന്‍ ഏറെ കൃതജ്ഞതയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.