അപരനായു മത്സരിക്കുന്നവരുടെ ശ്രദ്ധക്ക്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്കിയാല്മാത്രം പോര. തെരടുപ്പ് കഴിഞ്ഞ് വരവുചെലവ് കണക്കും കൂടി സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനാവില്ല. തെരഞ്ഞെടുപ്പ് കമീഷന് അയോഗ്യരാക്കി വിലക്കേര്‍പ്പെടുത്തും. സംസ്ഥാനത്ത് 2014ലെ ലോക്സഭ, 2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 109 പേര്‍ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയത്. ഇതില്‍ 28 പേര് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായിരുന്നു. ബാക്കിയുള്ളവര്‍ 2016ലെ നിയമസഭയിലെയും.
വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമീഷന് സ്ഥാനാര്‍ഥികള്‍ക്ക് പലവട്ടം നോട്ടീസയച്ചിരുന്നു. പലരും ഹാജരായില്ല. ചിലര്‍ കണക്കുകളില്ലാതെയാണെത്തിയത്. തുടര്‍ന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം മൂന്നു വര്‍ഷത്തേക്ക് മത്സരവിലക്കേര്പ്പെടുത്തിയത്.
നിയമസഭയിലേക്ക് മത്സരിച്ചവരില്‍ പട്ടാമ്ബിയിലും ഹരിപ്പാട്ടും നാല് പേര്‍ക്കാണ് വിലക്ക്. പട്ടാമ്ബി എം.എല്‍.എ മുഹമ്മദ് മുഹ്സിെന്റ രണ്ട് അപരന്മാരും ഇതിലുള്‍പ്പെടും. ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മമ്ബറം ദിവാകരെന്റ അപരന് ദിവാകരനും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയുടെ അപരനായിരുന്ന പള്ളിയില്‍ അബ്ദുല്ലയും അരുവിക്കരയില്‍ കെ.എസ്. ശബരീനാഥെന്റ അപരനായിരുന്ന ശബരീനാഥും വിലക്കപ്പെട്ടവരാണ്. അപര സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്ന രാഷ്ട്രീയക്കാര്‍ പിന്നീട് ഇവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് വിലക്കിന് കാരണമാകുന്നത്.
നിയമസഭയില്‍ മത്സരിച്ച്, കണക്ക് സമര്‍പ്പിക്കാത്ത 19 പേര്‍ക്ക് അടുത്ത ജൂലൈ 24 വരെയാണ് നിരോധനം. 20 സ്ഥാനാര്‍ഥികളുടെ വിലക്ക് 2022ല്‍ അവസാനിക്കും. 42 പേര്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് വിലക്കേര്‍പ്പെടുത്തിയത്. 2023 വരെ തുടരും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന ദലിത് നേതാവ് സലീന പ്രക്കാനത്തിന് ഈ വര്‍ഷം ജൂലൈവരെ വിലക്കുണ്ട്.