കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ 8,998 കോടി രൂപ പുതിയ പ്രീമിയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 7,817 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 54 ശതമാനം വര്‍ധനയാണ് കാണിച്ചിട്ടുള്ളത്.

കമ്പനി ഈ കാലയളവില്‍ 691 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 38 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ 2.45 ആണ്്. നിയമപരമായി നിഷ്‌കര്‍ഷിച്ചിട്ടുള്ളത് 1.5 ആണ്.

പുതിയ ബിസിനസ് പ്രീമിയത്തില്‍ കമ്പനിയുടെ വിപണി വിഹിതം 24.5 ശതമാനമാണ്. കമ്പനി നേടിയ സംരക്ഷണ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 910 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടിയപ്പോള്‍ വ്യക്തിഗത വിഭാഗത്തിലെ പുതിയ പ്രീമിയമായി 267 കോടി രൂപ നേടി. മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയാണ് നേടിയത്.

എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 20 ശതമാനം വര്‍ധനയോടെ 1,86,360 കോടി രൂപയിലെത്തി. നിക്ഷേപത്തില്‍ 76 ശതമാനവും ഡെറ്റിലാണ്. ഡെറ്റ് നിക്ഷേപത്തില്‍ 90 ശതമാനവും ട്രിപ്പിള്‍ എ റേറ്റിംഗ് ഉള്ള നിക്ഷേപ ഉപകരണങ്ങളിലാണ്.
കമ്പനിക്ക് രാജ്യത്തൊട്ടാകെ 947 ഓഫീസുകളും പരിശീലനം സിദ്ധിച്ച 2,07,520 ഇന്‍ഷുറന്‍സ് പ്രഫഷണലുകളുമുണ്ട്.