തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ എ.കെ ബാലന്റെയും വിജയരാഘവന്റെയും ഭാര്യമാര്‍. രണ്ട് ടേമില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്നതിലുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഭാര്യമാര്‍ മല്‍സരിക്കുന്നത്.

മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂരില്‍ നിന്നും, സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദു ഇരിങ്ങാലക്കുടയില്‍ നിന്നും മത്സരിക്കും. സംവരണ മണ്ഡലമായ തരൂരില്‍ പട്ടിക ജാതി നേതാക്കളായ പൊന്നുകുട്ടന്‍ അടക്കമുള്ളവരെ വെട്ടിയാണ് ജമീലയുടെ സ്ഥാനാര്‍ഥിത്വം.

ഡോ. ബിന്ദു മുന്‍ തൃശ്ശൂര്‍ മേയര്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതിന് മുമ്ബും ഇറങ്ങിയിട്ടുണ്ട്. നാലു തവണ നിയമസഭാംഗമായ എ കെ ബാലന്‍ ഇത്തവണ മത്സരിക്കില്ല. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്. ഡോ. പി.കെ. ജമീല റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ്.