തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രാജ്യസഭാംഗം സുരേഷ് ഗോപിയും ഉള്‍പ്പെടെ എല്ലാ പ്രധാന നേതാക്കളും മത്സരിക്കും. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം നാളെ ശംഖുമുഖം കടപ്പുറത്ത് 5.30ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടക്കം അമിത് ഷാ അന്തിമ നിലപാട് എഠുക്കും.
സംഘടനാ ചുമതലയില്‍ ഇല്ലാത്തതിനാല്‍ സുരേഷ് ഗോപിയുടെയും കേന്ദ്രമന്ത്രിയായതിനാല്‍ വി. മുരളീധരന്റെയും കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനും അനുമതി തേടും. സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും പരിഗണിക്കുന്നുണ്ട്. വര്‍ക്കലയിലും സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യത ഏറെയാണ്. ആഭ്യന്തര മന്ത്രി നാളെ രാവിലെ റോഡ് മാര്‍ഗം കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും പങ്കെടുക്കും. 3.50 നു തിരുവനന്തപുരത്തു മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്നു ശ്രീരാമകൃഷ്ണ മഠത്തില്‍ സന്ന്യാസി സംഗമത്തിലും പങ്കെടുക്കും.

ഇതിനിടെയാകും പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുക. കേരളത്തിലെ എല്ലാ സംഘടനാ പ്രശ്‌നങ്ങള്‍ക്കും അമിത് ഷാ പരിഹാരം നിര്‍ദ്ദേശിക്കുമെന്നാണ് സൂചന. പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, കര്‍ണാടക ചീഫ് വിപ് സുനില്‍കുമാര്‍ തുടങ്ങിയ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കും.

നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. മെട്രോമാന്‍ ഇ.ശ്രീധരനെ തൃപ്പൂണിത്തുറ അല്ലെങ്കില്‍ പാലക്കാട് സീറ്റില്‍ പരിഗണിക്കും. ഏത് വേണമെന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ ധാരണയായി. സ്ഥാനാര്‍ത്ഥികളുടെ കരടു പട്ടികയും കോര്‍ കമ്മിറ്റി തയാറാക്കി. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലും വി. മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിപ്പിക്കണമെന്നാണ് കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തോ കോന്നിയിലോ തൃശൂരിലോ പരിഗണിക്കപ്പെടും. എം ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും.

കോര്‍ കമ്മിറ്റിയംഗങ്ങള്‍ എല്ലാവരും മത്സരരംഗത്തിറങ്ങാനും കൊല്ലം കല്ലുവാതുക്കലില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ ആലോചനാ യോഗത്തില്‍ തീരുമാനമായി. വി.മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, എം ടി.രമേശ്, സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, എം. ഗണേശ്, ജോര്‍ജ് കുര്യന്‍, പി.സുധീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ബിഡിജെഎസ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ക്ക് എത്ര സീറ്റ് നല്‍കണമെന്നും ഏതൊക്കെ സീറ്റില്‍ മത്സരിപ്പിക്കണമെന്നും ഇന്ന് തീരുമാനമെടുക്കും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും അന്തിമരൂപം ഇന്നുണ്ടാകും. ഇന്നത്തെ യോഗത്തില്‍ മന്ത്രി പ്രള്‍ഹാദ് ജോഷിയും വിജയയാത്രയുടെ സമാപനത്തിനു തലസ്ഥാനത്തെത്തുന്ന അമിത് ഷായും പങ്കെടുക്കും. എല്ലാ മണ്ഡലങ്ങളില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടി ക്രോഡീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

പ്രചാരണരംഗത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്നതും ഏതൊക്കെ വിഷയങ്ങള്‍ക്ക് ആദ്യപരിഗണന എന്നതിലും ഇന്നു തീരുമാനമെടുക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളും സ്വപ്ന സുരേഷിന്റെ മൊഴിയും താഴെത്തട്ടില്‍ വരെ അവതരിപ്പിക്കാനും തീരുമാനമായി. ലൗ ജിഹാദും പ്രചാരണ വിഷയമാക്കാനാണ് തീരുമാനം.