ന്യൂഡൽഹി : ചലച്ചിത്ര താരങ്ങളായ തപ്‌സി പന്നു, അനുരാഗ് കശ്യപ് എന്നിവർ നികുതിവെട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻ കോൺഗ്രസ് സർക്കാരിനെതിരെ ഒളിയമ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2013- ൽ ഇവരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയെങ്കിലും അത് വലിയ സംഭവമാകാതിരുന്നത് എന്തുകൊണ്ടാണെന്ന് നിർമ്മലാ സീതാരാമൻ ചോദിച്ചു. താരങ്ങൾ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതിവകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

ഒരു സർക്കാരിന്റെ കാലത്ത് ഇവരുടെ വീടുകളിൽ പരിശോധന നടന്നാൽ അത് സാധാരണവും, എന്നാൽ ബിജെപി സർക്കാർ ഭരിക്കുമ്പോൾ ഇതെല്ലാം വലിയ വിഷയവുമാണ്. ഇതേ ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും 2013ലും പരിശോധന നടന്നിരുന്നു. എന്നാൽ ഇത് വലിയ സംഭവമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് വലിയ സംഭവമാണെന്നും നിർമ്മല കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ വീടുകളിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. 650 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.