ന്യൂഡൽഹി : 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചു. 259 അംഗ സമിതിയാണ് ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ചത്.

75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികളിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രത്യേകം സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് പുറമേ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, ദേവഗൗഡ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ബിജെപി നേതാവ് എൽ.കെ അദ്വാനി എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വികസനം, സാങ്കേതിക വിദ്യ, ഭരണം, നവീകരണം, പുരോഗതി, നയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സംഘടിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.