കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറിയ മമതയുടെ അരുമശിഷ്യനായിരുന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച്‌ മമത നന്ദിഗ്രാമില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുവേന്ദു അധികാരിയുടെ ചോദ്യം. എങ്കില്‍ താന്‍ അവരെ തോല്‍പിക്കും എന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വെല്ലുവിളിയാണ് വെള്ളിയാഴ്ച മമത ഏറ്റെടുത്തത്. എന്നാല്‍ നന്ദിഗ്രാം മമതയുടെ വാട്ടര്‍ ലൂ ആയി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതോടെ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയാകെ ഉറ്റുനോക്കുന്ന സീറ്റായി നന്ദിഗ്രാം മാറും. ഇവിടെ വിജയിച്ചില്ലെങ്കില്‍ രാഷ്ടീയം ഉപേക്ഷിക്കമെന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.

താന്‍ എപ്പോഴും നന്ദിഗ്രാമില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാറുള്ളതെന്നും തന്നെ സംബന്ധിച്ചിടത്തോളം അത് ഭാഗ്യസ്ഥലമാണെന്നും മമത പറയുന്നു. ബിജെപി തന്നെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാല്‍ മമതയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും തോല്‍പിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി.

നന്ദിഗ്രാമിലെ ടാറ്റയുടെ ഫാക്ടറിക്കെതിരെ സമരം ചെയ്തുകൊണ്ടാണ് മമത ബംഗാളില്‍ അധികാരം പിടിക്കുന്നത്. ഈ സ്ഥലത്തിന്റെ സവിശേഷത കണക്കിലെടുത്താണ് ഇതേ മണ്ഡലത്തിലൂടെ തന്നെ മമതയെ അധികാരത്തില്‍ നിന്നും വലിച്ചെറിയാന്‍ സുവേന്ദു അധികാരി ശ്രമിക്കുന്നത്. 34 വര്‍ഷത്തെ ഇടതുഭരണമാണ് നന്ദിഗ്രാമത്തിലെ സമരത്തിലൂടെ മമത തൂത്തെറിഞ്ഞത്. അന്ന് നന്ദിഗ്രാമിലെ സമരത്തിന്റെ മുഖമായിരുന്നു സുവേന്ദു അധികാരി.

മമത കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ സീറ്റ് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. സാധ്യമായാല്‍ തന്‍റെ സിറ്റിംഗ് സീറ്റായ ഭവാനിപ്പൂരില്‍ കൂടി മത്സരിക്കുമെന്ന് മമത പറഞ്ഞു.