ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഭരണകക്ഷിയായ എഐഎഡിഎംകെ പുറത്തുവിട്ടു. മുഖ്യമന്ത്രി കെ.പളനിസ്വാമി സ്വന്തം നാടായ സേലം ജില്ലയിലെ എടപ്പാടിയില്‍ മത്സരിക്കും. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം തേനിയിലെ ബോഡിനായ്ക്കനൂരിലും മത്സരിക്കും. ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ ഡി.ജയകുമാര്‍ നോര്‍ത്ത് ചെന്നൈയിലെ റോയപുരം മണ്ഡലത്തിലും നിയമമന്ത്രി സി.വി.ഷണ്‍മുഖം വണ്ണിയാര്‍ ഭൂരിപക്ഷ മണ്ഡലമായ വിഴുപുരത്തും മാറ്റുരയ്ക്കും.

ഇത്തവണ ബി.ജെ.പി, പി.എം.കെ മറ്റു ചില ചെറുകക്ഷികളുമായി ചേര്‍ന്നാണ് എഐഎഡിഎംകെ ഇത്തവണ മത്സരിക്കുന്നത്. ഒബിസിയിലെ എംബിസി ബ്ലോക്കില്‍ വണ്ണിയാര്‍ വിഭാഗത്തിന് 10.5% ഉപസംവരണം ഏര്‍പ്പെടുത്തിയതോടെ വലിയ പിന്തുണയാണ് എഐഎഡിഎംകെ പ്രതീക്ഷിക്കുന്നത്.

234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് രണ്ടിന് വോട്ടെണ്ണല്‍.