മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയില്‍ ശ്രദ്ധേയ റോളില്‍ കൃഷ്ണകുമാറും. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ അലക്സ് തോമസായാണ് കൃഷ്ണകുമാര്‍ ചിത്രത്തിലെത്തുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. മകള്‍ ആഹാന അഭിനയിച്ച സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണില്‍ എനിക്കും ഒരു കഥാപാത്രമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷം. ദൈവത്തിന് നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

മധു, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, മാത്യു തോമസ് ( തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം), സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രന്‍ ,കൃഷ്ണ കുമാര്‍ ,സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാദന്‍, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന്‍ ചേര്‍ത്തല, വി.കെ. ബൈജു, സുദേവ് നായര്‍, വെട്ടുക്കിളി പ്രകാശ് , ജയകൃഷ്ണന്‍, പ്രേംജിത്‌ ലാല്‍ , നിഷാന്ത് സാഗര്‍, മുകുന്ദന്‍, ബാലാജി യദു കൃഷ്ണ , അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്‍, ഷിജു, ആര്യന്‍ കൃഷ്ണ മേനോന്‍, നിമിഷ സജയന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മുട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോ, ശങ്കര്‍ രാജ് ആര്‍ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ്‌ പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.