കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കുവാനുള്ള നീക്കത്തിന് എതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ദളിത് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടിക്കുവേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെയാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. ധര്‍മ്മജന്‍ വേണമെങ്കില്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നും ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ ചിലര്‍ ബാലുശ്ശേരി മണ്ഡലത്തിലേക്ക് കെട്ടി ഇറക്കുവാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന് മണ്ഡലത്തില്‍ യാതൊരു സ്വാധീനവുമില്ല. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെ ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യവും ദളിത് കോണ്‍ഗ്രസ് ആലോചിച്ച്‌ തീരുമാനിക്കുമെന്നും ഹരീഷ് കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു. ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി യു.ഡി.എഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കും. ഇതിന് മറുപടി പറയേണ്ടി വരുമെന്നും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച്‌ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മറ്റൊരു ആരോപണം. ധര്‍മ്മജനെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയാകും. സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ് ഉയരുന്നുണ്ട്. ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി.സി.സിയുടെ പരിഗണനയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് വിപിന്‍ കൃഷ്ണന്‍. കോഴിക്കോട് എം.പി എം.കെ രാഘവന്‍ മധുവിനെ പിന്തുണയ്ക്കുന്നുണ്ട്.

അതിനിടയില്‍ ധര്‍മ്മജന് എതിരെ യു.ഡി.എഫ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മറ്റിയിലെ അഭിപ്രായ ഭിന്നതയും മറനീക്കി പുറത്ത് വന്നു. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കത്തുമായി യുഡിഫ് കണ്‍വീനര്‍ എന്ന നിലയില്‍ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിസാര്‍ ചേലേരി വ്യക്തമാക്കി. കത്തില്‍ കണ്‍വീനറുടെ പേരും ഒപ്പും ഉള്ളതായി ശ്രദ്ധയപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഈ കത്തില്‍ ഒപ്പ് വെച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 3 മേഖല ക്യാമ്ബുകള്‍ നടത്തുന്നതിനെ കുറിച്ചും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ ക്യാമ്ബ് നടത്തുന്നതിനെ സംബന്ധിച്ചും വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് ഊര്‍ജിതമാക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചയും തീരുമാനങ്ങളുമാണ് ഉണ്ടായത്.

യോഗത്തില്‍ ക്രിയത്‌മകമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണായവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കത്ത് മേല്‍കമ്മിറ്റികള്‍ക്ക് നല്‍കാന്‍ തീരുമാനം എടുത്തിട്ടില്ല.