അസംതൃപ്തരായ ലീഗ് നേതാക്കളും ലീഗ് എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തിയെന്ന് കെ.ടി ജലീല്‍. എം.എല്‍.എമാരടക്കമുള്ള അസംതൃപ്തരായ ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും കെ.ടി ജലീല്‍ മീഡിയവണിനോട് പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുന്ന ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ പുല്ല് വില പോലും കല്‍പ്പിക്കില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ക്ക് നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ഉയര്‍ത്തിക്കൊണ്ട് വരാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചു. അതിനേക്കാള്‍ ദയനീയവും പരിഹാസ്യവുമാകും ഇപ്പൊള്‍ വന്ന ആരോപണങ്ങളുടെ അന്വേഷണത്തിന്റെ അവസാനവും ഉണ്ടാകുക.

തനിക്കെതിരെ പലവിധ ആരോപണങ്ങള്‍ ആണ് ഉയര്‍ത്തിയത്. എന്നിട്ടെന്തായി ? ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും പിന്നീട് അതേപ്പറ്റി വല്ലതും പറഞ്ഞോ ? അവര്‍ തന്നെയാണ് ഇപ്പൊള്‍ ഒരുമിച്ച്‌ കര്‍ട്ടന് പിറകില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും അവരെ ജനങ്ങള്‍ക്കറിയാമെന്നും ജലീല്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ലീഗില്‍ പുതിയ ജലീലുമാരുണ്ടാകും. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണ്. കോളേജ് അധ്യാപകനത്തിലേക്ക് മടങ്ങാനാണ് താത്പര്യം. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.