ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി നായര്‍. സിനിമ പൂര്‍ണ്ണമായി കണ്ടപ്പോഴാണ് ‘ദൃശ്യം 2’ എന്താണെന്ന് തനിക്ക് മനസ്സിലായതെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.

‘അഭിനയിക്കുന്ന സമയം ഓരോ സീനിലും നമ്മള്‍ ചെയ്യേണ്ട റിയാക്ഷന്‍സ് ഒക്കെ ജീത്തു ചേട്ടന്‍ വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നു. ചിലപ്പൊഴിക്കെ ചില സീനുകള്‍ ഷൂട്ട് ചെയ്യുമ്ബോള്‍ ഓപ്പോസിറ്റ് ഫ്രെയിമില്‍ എന്താണ് ഷൂട്ട് ചെയ്തതെന്ന് പറയാറില്ല. അവിടെ നേരത്തെ എന്തോ സംഭവം നടക്കുന്നുണ്ട്, ആ സമയം നിങ്ങള്‍ ഇങ്ങനെയൊരു എക്‌സ്പ്രഷന്‍ കൊടുക്കണം എന്ന് പറഞ്ഞു തന്നിരുന്നു. വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റാണ് ഞാന്‍ വായിച്ചത്. അതിനാല്‍ തന്നെ കഥയെക്കുറിച്ച്‌ വലിയ ധാരണ ലഭിച്ചില്ല, അഞ്ജലി പറയുന്നു.

ചിത്രീകരണ സമയത്ത് ശരിക്കും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അപ്പുറത്ത് ചിത്രത്തിന്റെ ട്വിസ്റ്റുകളാണ് നടക്കുന്നത്. പിന്നീട് ഞങ്ങള്‍ സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന്
പൂര്‍ണ്ണമായി മനസ്സിലായത്’, അഞ്ജലി പറഞ്ഞു.