തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുളള കെട്ടിടത്തിലാണ് പാലിയോട് സ്വദേശി ചിത്രലേഖയെ (40) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാരായമുട്ടം പൊലിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വീടിന് സമീപത്ത് സി ഐ ടി യുവിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിനുളളിലാണ് ചിത്രലേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ചിത്രലേഖയും ഭര്‍ത്താവ് സന്തോഷും ഒരുമിച്ച് അമ്പലത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയതിന് ശേഷം ജോലി സ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെയെത്തിയപ്പോഴാണ് ചിത്രലേഖയെ കാണുന്നില്ലെന്ന വിവരമറിയുന്നത്. –
തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാരായമുട്ടം പൊലിസ് പറഞ്ഞു.