പന്തളം: കേരളത്തില്‍ ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിജയ യാത്രയ്ക്ക് പന്തളത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതമൗലിക ശക്തികളാണ് ഇടതു വലതു മുന്നണികളെ നയിക്കുന്നത്. ലൗ ജിഹാദ് സംഘങ്ങള്‍ ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി സിറിയയിലേക്കും മറ്റും കടത്തുന്നു. ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്ത് ശക്തമായിട്ടും ഇരുമുന്നണികളും അതു തടയാന്‍ ശ്രമിക്കുന്നില്ല. അതില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം നല്കുന്ന പദ്ധതികളൊന്നും സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എംല്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എത്തിയവരെ അദ്ദേഹം പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ സുരേന്ദ്രനെ കുളനടയില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആനയിച്ച്‌ പന്തളത്തെ സമ്മേളന വേദിയിലെത്തിച്ചു.