മുംബൈ : റിലയൻസ് കമ്പനിയിലെ എല്ലാ ജീവനക്കാർക്കും അവരുടെ കുടുബാംഗങ്ങൾക്കും സൗജന്യ വാക്‌സിൻ കുത്തിവെപ്പ് നടത്തുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനി. റിലയൻസിലെ ജീവനക്കാരുടെ മാതാപിതാക്കൾക്കളുടെയും, കുട്ടികളുടെയും പങ്കാളികളുടെയും വാക്‌സിനേഷന്റെ മുഴുവൻ ചെലവും കമ്പനി വഹിക്കും. അതിനാൽ എല്ലാ ജീവനക്കാരോടും കൊറോണ വാക്‌സിനേഷന് വേണ്ടി ഉടൻതന്നെ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് നിത അംബാനി ഇ-മെയിൽ അയച്ചിട്ടുണ്ട്.

എല്ലാവരുടെയും സഹകരണത്തോടെ കൊറോണ മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കും. അതുവരെ സുരക്ഷിതരായി എല്ലാ മുൻകരുതലുകളോടും കൂടി ഇരിക്കുക. എല്ലാവരും ചേർന്നുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് നാം നിൽക്കുന്നതെന്നും ഇനി ഒരുമിച്ച് മുന്നേറാൻ നമുക്ക് സാധിക്കുമെന്നും നിത അംബാനി പറഞ്ഞു.

ഇന്ത്യയിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിച്ചാൽ ഉടൻ തന്നെ എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് റിലയൻസ് എംഡി മുകേഷ് അംബാനിയും നിത അംബാനിയും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് രാജ്യത്ത് രണ്ടാം ഘട്ട വാക്‌സനേഷൻ ആരംഭിച്ചതോടെയാണ് തീരുമാനം. വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ് നടത്തുന്നത്.