ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായി കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ എസ്എൻഡിപി യോഗം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അശ്വത് നാരായൺ പറഞ്ഞു.

വെളളാപ്പളളി നടേശനോടുളള ആദരവ് പ്രകടിപ്പിക്കാനായിട്ടാണ് എത്തിയതെന്നും അശ്വത് നാരായൺ കൂട്ടിച്ചേർത്തു. കർണാടകയിലും ഗുരുദേവ ദർശനം പിന്തുടരുന്ന ധാരാളം പേരുണ്ട്. കർണാടകയിലേക്ക് കൂടുതൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി എസ്എൻഡിപി യോഗത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല കൂടി അശ്വത് നാരായൺ വഹിക്കുന്നുണ്ട്. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അഭ്യസ്ഥവിദ്യർക്ക് കർണാടക ധാരാളം തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.