നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ നിരീക്ഷണത്തിനായി ജില്ലയിലെ ഒമ്പത് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിനെ നിയോഗിച്ചു. സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്.

മൂന്ന് പേര്‍ അടങ്ങുന്ന 21 സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിനെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡുകള്‍ നടപ്പാക്കും. വാളയാര്‍, ഗോപാലപുരം , നടുപ്പുണി, വേലന്താവളം , ഒഴലപതി, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാമ്ബതി, ആനക്കട്ടി എന്നീ ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി, വിരട്ടല്‍, സ്വാധീനം ചെലുത്തല്‍, പണം-ഉപഹാരങ്ങളുടെ വാഗ്ദാനം, സൗജന്യ മദ്യം, ഭക്ഷണം വാഗ്ദാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്ക്വാഡുകള്‍ ശക്തമായി നിരീക്ഷിക്കും. ഒരു പ്രത്യേക പാര്‍ട്ടിക്കോ ചിഹ്നത്തിനോ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് കൈക്കൂലിയോ ഉപഹാരങ്ങളോ നല്‍കുന്നതും ശാരീരിമായി നേരിടുന്നതും ഐ.പി.സി ക്രിമിനല്‍ സെക്ഷന്‍ 171 ബി, 171 സി, 1951 ആര്‍.പി ആക്‌ട് സെക്ഷന്‍ 123 പ്രകാരം ക്രിമിനല്‍ കുറ്റങ്ങളാണ്. അതിനാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിതമായ പ്രചരണ ചെലവുകള്‍, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം, മറ്റ് സാമൂഹിക വിരുദ്ധ ഘടകങ്ങളെല്ലാം അതിസൂക്ഷ്മമായി സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നതാണ്.

ഓരോ സ്‌ക്വാഡിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ സ്‌ക്വാഡ് മേല്‍നോട്ടത്തിനായി മൂന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌ക്വാഡിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം വീഡിയോ കവറേജ് ചെയ്യുന്നതാണ്.