അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ മുഹമ്മദ് സിരാജിന്‍റെ പ്രകടനത്തെ പ്രശംസിച്ച്‌ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേം സ്വാന്‍. സ്പിന്നര്‍മാരായ അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ സഹായിക്കാന്‍ സിറാജ് ഇന്ത്യക്ക് രണ്ട് സുപ്രധാന വഴിത്തിരിവുകള്‍ നല്‍കി.സിറാജ് ഗ്രൗണ്ടിലെ ഈര്‍പ്പം മുതലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തിനു ശേഷം സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സ്വാന്‍ ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന ബൗളറായ ഇശാന്ത് ശര്‍മ്മ മികച്ച പ്രകടനം നടത്തുമെന്ന് താന്‍ കരുതിയെന്നും പക്ഷേ, സിറാജ് വളരെ മികച്ച പ്രകടനം നടത്തി. മികച്ച വേഗതയില്‍ സിറാജ് പന്തെറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഔട്ട്സ്വിങറുകള്‍ക്കു ശേഷം ഇന്‍സ്വിങര്‍ കൊണ്ട് റൂട്ടിനെ കീഴടക്കിയത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ സ്റ്റോക്സ് (55), ഡാനിയല്‍ ലോറന്‍സ് (46) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ആദ്യ ഇന്നിങ്ങ്സില്‍ ഇംഗ്ളണ്ടിന്റെ സ്‌കോര്‍ 205 റണ്‍സിന് അവസാനിച്ചു. അക്സര്‍ പട്ടേല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ മൂന്നും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.