ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. തനിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഴ്സ് രമ്യ പി.സിക്കും അവര്‍ നന്ദി അറിയിച്ചു.

മാര്‍ച്ച്‌ ഒന്നുമുതലാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതരായ 45-59 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ വിതരണം ആരംഭിച്ചത്.ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ദിനം തന്നെ വാക്സിന്‍ സ്വീകരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാതാപിതാക്കളായ ഗോവിന്ദ് രാം കെജ്രിവാളിനും ഗീതാ ദേവിക്കുമൊപ്പമെത്തി ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചു.വാക്സിനെ സംബന്ധിച്ച ഒരു സംശയത്തിനും ഇനി നിലനില്‍പില്ലെന്നും വാക്സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ ആളുകള്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ കുത്തിവെപ്പ് എടുത്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കി പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സാധിക്കുന്നവര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.