അഹമ്മദാബാദ്: നിര്‍ണായകമായ നാലാം ടെസ്റ്റിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205ന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സാക്ക് ക്രൗളിയും(9) ഡോം സിബ്ലിയും(2) നേരത്തെ മടങ്ങി. രണ്ട് പേരെയും അക്ഷര്‍ പട്ടേലാണ് മടക്കിയത്. മൂന്നാമനായെത്തിയ ജോണി ബെയര്‍സ്‌റ്റോ(27) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബെന്‍ സ്റ്റോക്‌സ് പൊരുതി നേടിയ അര്‍ദ്ധ സെഞ്ച്വറിയും ഡാന്‍ ലോറന്‍സ് നേടിയ 46 റണ്‍സുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്തിയത്. ഒലി പോപ്പ് 29 റണ്‍സ് നേടി. 55 റണ്‍സ് നേടിയ സ്റ്റോക്‌സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍.

26 ഓവറില്‍ 68 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലിന്റെ പ്രകടമാണ് നിര്‍ണായകമായത്. 19.5 ഓവറില്‍ 47 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ അക്ഷറിന് മികച്ച പിന്തുണ നല്‍കി. ബൂമ്രയ്ക്ക് പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് സിറാജ് 2 വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.