കോഴിക്കോട്: എലത്തൂരില്‍ ഇത്തവണയും എകെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും. ജില്ലാ നേതൃയോഗത്തില്‍ ശശീന്ദ്രന്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ വലിയ തര്‍ക്കമുണ്ടായിരുന്നെങ്കിലും നിര്‍ണായക സമയത്ത് ഒരുമിച്ച്‌ നില്‍ക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. അതേസമയം എട്ടുതവണ മത്സരിച്ച ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ വിരുദ്ധ പക്ഷത്തുള്ളവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ഭൂരിപക്ഷ അഭിപ്രായമാണ് ഉയര്‍ന്നത്. ഇതിന് അംഗീകരവും ലഭിച്ചു. ഇതോടെ മൂന്നാം തവണയും എലത്തൂരില്‍ നിന്ന് ശശീന്ദ്രന്‍ ജനവിധി തേടുമെന്ന കാര്യത്തില്‍ തീരുമാനമായി. അതേസമയം രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന് മറ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചതു പോലെ പാര്‍ട്ടിയും തീരുമാനമെടുക്കണമെന്ന അഭിപ്രായം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ നിലവില്‍ അത്തരമൊരു തീരുമാനത്തിലേക്ക് പോകുന്നില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നുമാണ് പരാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ ധാരണയായെങ്കിലും അത് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസറ്റര്‍ പറഞ്ഞത്. പത്താം തീയതിക്കകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണമെന്ന് എന്‍സിപിക്ക് ഇടതുമുന്നണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ചായിരിക്കും പ്രഖ്യാപനം എന്നും ടിപി പീതാംബരന്‍ പറഞ്ഞു. എന്നാല്‍ ജില്ലാ നേതൃയോഗത്തില്‍ തുടക്കം മുതല്‍ തര്‍ക്കത്തിലായിരുന്നു.