കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് 20 മാസത്തിനുള്ളില്‍ 1.4 ദശലക്ഷം ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ വിതരണം ചെയ്തതായി, ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും അറിയിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഒരു ദശലക്ഷം നാഴികക്കല്ല് പിന്നിടുന്ന ക്രെഡിറ്റ് കാര്‍ഡ് എന്ന നേട്ടവും ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് ലഭിച്ചു. രണ്ടു വര്‍ഷം മുമ്പാണ് ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും വിസ അടിസ്ഥാനമാക്കിയുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്.

പരിധിയില്ലാത്ത റിവാര്‍ഡ് പോയിന്റുകള്‍, തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 60 സെക്കന്‍ഡിനുള്ളില്‍ കാര്‍ഡ് വിതരണം, ആമസോണ്‍ പേ ബാലന്‍സിലേക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യാനുള്ള സംവിധാനം, സ്പര്‍ശരഹിത പേയ്‌മെന്റ് സംവിധാനം എന്നിങ്ങനെ സവിശേഷമായ ഉപഭോക്തൃ ആനുകൂല്യങ്ങളാണ് ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ഉപഭോക്തൃ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 2020 ജൂണില്‍ പുതിയ അപേക്ഷകര്‍ക്കായി വീഡിയോ കെ.വൈ.സി സൗകര്യം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഒന്നാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്.

ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ഡിജിറ്റല്‍ കാര്‍ഡ് ഉടനടി ലഭിക്കും, ഫിസിക്കല്‍ കാര്‍ഡും കുറച്ച് ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് ബാങ്ക് അയച്ചുനല്‍കും. കാര്‍ഡിനായി ചേരുന്നതിനോ വാര്‍ഷിക അടിസ്ഥാനത്തിലോ ഒരു ഫീസും ഈടാക്കാത്ത ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡാണിത്. കാര്‍ഡിന്റെ ബില്ലിങ് തീയതിക്ക് ശേഷം ഉപഭോക്താവിന്റെ ആമസോണ്‍ പേ ബാലന്‍സിലേക്ക് റിവാര്‍ഡ് വരുമാനം പ്രതിമാസം ക്രെഡിറ്റ് ചെയ്യപ്പെടും. ഒരു രൂപക്ക് തുല്യമാണ് ഒരു റിവാര്‍ഡ് പോയിന്റ്. മൊബൈല്‍, ഇലക്‌ട്രോണിക്‌സ്, പലചരക്ക്, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ വിഭാഗങ്ങളിലുടനീളം ആമസോണ്‍ ഡോട്ട് ഇന്നില്‍ ലഭ്യമായ 160 ദശലക്ഷത്തിലധികം ഇനങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് ഈ വരുമാനം ഉപയോഗിക്കാം. ഇന്ത്യയിലെ നാലു ദശലക്ഷത്തിലധികം വ്യാപാര കേന്ദ്രങ്ങളില്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയും.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഐസിഐസിഐ ബാങ്ക്, അണ്‍സെക്വേഡ് അസറ്റ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വിശ്വസനീയവും സൗകര്യപ്രദവുമാക്കുന്നതിന്, ആമസോണ്‍ പേയില്‍ തങ്ങള്‍ നിരന്തരം നവീകരണം നടത്തുകയും പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ആമസോണ്‍ പേ ഡയറക്ടറും ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹെഡുമായ വികാസ് ബന്‍സല്‍ പറഞ്ഞു.