തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ മെട്രോ മാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെ 16 പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അനുമതിയോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബി.ജെ.പി. വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

വനിതാ പ്രതിനിധി മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ്. കേന്ദ്രസഹമന്ത്രി വി മുരളീധരനും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും കുമ്മനവും രാജഗോപാലും ഉള്‍പ്പെട്ട സമിതിയില്‍ ശോഭ സുരേന്ദ്രന്‍ ഇടം പിടിച്ചില്ല. വി മുരളീധരന്റെയും സുരേന്ദ്രന്റെയും സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍:

സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍. പ്രഭാരി സി.പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.