ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ കമ്പ്യൂട്ടര്‍ അല്‍ഗൊരിതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുപക്ഷേ പാന്‍-ഇന്‍ഫ്‌ലുവന്‍സ വാക്സിനിലേക്കും പാന്‍-കൊറോണ വൈറസ് വാക്സിനിലേക്കുമുള്ള ഒരു വഴിത്തിരിവാകാന്‍ ഈ അല്‍ഗൊരിതത്തിന് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ അല്‍ഗൊരിതം സൃഷ്ടിച്ചിരിക്കുന്നത് ഗവേഷകയായ കമ്പ്യൂട്ടേഷണല്‍ ബയോളജിസ്റ്റ് ബെറ്റ് കോര്‍ബറും ഭര്‍ത്താവ് ജെയിംസ് തീലറും ചേര്‍ന്നാണ്. പാന്‍-സ്വിന്‍ ഫ്ലൂ വൈറസ് വാക്സിനോട് അതായത് പന്നിപ്പനിയ്ക്ക് എതിരായ വാക്‌സിനോട് അടുത്ത് നില്‍ക്കുന്ന വാക്‌സിനാണ് പുതുതായി അല്‍ഗൊരിതം ഉപയോഗിച്ച്‌ കണ്ടെത്തിയിരിക്കുന്നത്. ഈ പന്നിപ്പനി വാക്‌സിന്‍ നിലവില്‍ മൃഗങ്ങളില്‍ ഉപയോഗപ്രദമാകും. മറ്റൊരു പന്നിപ്പനി പകര്‍ച്ചവ്യാധി മനുഷ്യരില്‍ പടരാന്‍ തുടങ്ങിയാല്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ വാക്‌സിന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍ബര്‍ പറഞ്ഞു.
പുതിയ വാക്സിന്റെ രോഗപ്രതിരോധ പ്രതികരണങ്ങള്‍ അനുസരിച്ച്‌ വൈവിധ്യമാര്‍ന്ന വൈറല്‍ വേരിയന്റുകളില്‍ ശക്തമായ പ്രതികരണം കാഴ്ച്ച വയ്ക്കും എന്നതിന്റെ സൂചനകളാണ് ലഭിച്ചിട്ടുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഭാവിയില്‍ കൊറോണ വൈറസ് വേരിയന്റുകള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനും പാന്‍-കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ഇതേ തത്വങ്ങള്‍ ഉപയോഗിക്കാനാകുമെന്നും കോര്‍ബര്‍ പറഞ്ഞു.

2010 മുതല്‍, അമേരിക്കയില്‍ മനുഷ്യരില്‍ തന്നെ 460 ലധികം പന്നിപ്പനി വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷണത്തിന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പിന്തുണ നല്‍കിയിട്ടുണ്ട്. പഠനത്തില്‍ ഉപയോഗിക്കുന്ന റിയാക്ടറുകള്‍ക്കായി ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ഇന്‍സുലേറ്റ് ശേഖരം ബയോഡിഫന്‍സ് ആന്‍ഡ് എമര്‍ജിംഗ് ഇന്‍ഫെക്റ്റിയസ് ഡിസീസ് (ബിഇഐ) നല്‍കിയതായി ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറി വ്യക്തമാക്കി.

എച്ച്‌ഐവി വാക്‌സിന്‍ കണ്ടെത്താന്‍ എപ്പിഗ്രാഫ് എന്ന അല്‍ഗോരിതം നേരത്തെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. എബോള, മാര്‍ബര്‍ഗ് വൈറസുകള്‍ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനും അല്‍ഗോരിതം ഉപയോഗിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഇത് രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് വിവരം.

എപ്പിഗ്രാഫിലൂടെ കണ്ടെത്തിയ വാക്‌സിന്‍ എലികളില്‍ ശക്തമായ ക്രോസ്-റിയാക്ടീവ് ആന്റിബോഡി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മുമ്ബ് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. പന്നികളിലും, ഇത് ശക്തമായ ക്രോസ്-റിയാക്ടീവ് ആന്റിബോഡിയും ടി-സെല്‍ പ്രതികരണങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നെബ്രാസ്‌ക സര്‍വകലാശാലയിലെ നെബ്രാസ്‌ക സെന്റര്‍ ഫോര്‍ വൈറോളജി, സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച്‌ ഹോസ്പിറ്റല്‍, ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറി എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.