ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.കെ ശശികല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ശശികലയുടെ അപ്രതീക്ഷിത നീക്കം.

‘ജയ ജീവിച്ചിരിക്കുമ്ബോള്‍ പോലും ഞാന്‍ അധികാരത്തിനോ സ്ഥാനത്തിനോ പിന്നാലെ പോയിട്ടില്ല. അവര്‍ മരിച്ചതിനുശേഷവും അത് ചെയ്യില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ സുവര്‍ണ്ണ ഭരണം തുടരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു’- ശശികല പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഡി.എം.കെയെ തറപറ്റിച്ചു അണ്ണാഡി.എം.കെ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഫെബ്രുവരിയിലാണ് ചെന്നൈയില്‍ തിരികെയെത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ശശികല അറിയിച്ചിരുന്നു.