പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം ലെസ്റ്റര്‍ സിറ്റി തുലച്ചു. ഇന്ന് ബേര്‍ണ്‍ലിയെ നേരിട്ട ലെസ്റ്റര്‍ സിറ്റി 1-1 എന്ന സമനിലയില്‍ പിരിയേണ്ടി വന്നു‌.

ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ലെസ്റ്റര്‍ സിറ്റി വിജയിമില്ലാതെ കളി അവസാനിപ്പിക്കുന്നത്. ബേര്‍ണ്‍ലിയുടെ ഹോം ഗ്രൗണ്ടില്‍ നാലാം മിനുട്ടില്‍ തന്നെ ലീഡ് ബേര്‍ണ്‍ലിക്ക് ആയി.

വൈദ്രയാണ് ബേര്‍ണ്‍ലിക്ക് ലീഡ് നല്‍കിയത്‌. 34ആം മിനുട്ടില്‍ ഇഹെനാചോ ഒരു മനോഹരമായ വോളിയിലൂടെ ലെസ്റ്ററിന് സമനില നല്‍കി. ഇഹനാചോയുടെ സീസണിലെ രണ്ടാം ലീഗ് ഗോള്‍ മാത്രമാണിത്‌.

രണ്ട് ടീമുകള്‍ക്കും വിജയിക്കാന്‍ നിരവധി അവസരങ്ങള്‍ കളിയില്‍ ലഭിച്ചിരുന്നു‌ എങ്കിലും രണ്ട് പേര്‍ക്കും അവസരം മുതലാക്കാന്‍ ആയില്ല. 27 മത്സരത്തില്‍ 50 പോയിന്റുമായി ലീഗില്‍ മൂന്നാമത് തന്നെ നില്‍ക്കുകയാണ് ലെസ്റ്റര്‍ സിറ്റി.