കല്‍പറ്റ: കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടില്‍ സി.പി.എമ്മിലും രാജി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരനാണ് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സി.പി.എമ്മിന്‍റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന എം.എസ്. വിശ്വനാഥന്‍ രാജിവെച്ച്‌ സി.പി.എമ്മിലേക്ക് വന്ന സാഹചര്യത്തിലാണ് രാജി.

2011ല്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ തോറ്റ ശങ്കരന്‍ ഇത്തവണ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ വയനാട്ടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഏറ്റവുമൊടുവില്‍ രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നത്. ബത്തേരിയില്‍ ഇദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന.