കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച്‌ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അതേസമയം ബിജെപി അധാകാരത്തില്‍ എത്തിയാല്‍ ഈ ജോലി ഉപേക്ഷിച്ച്‌ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു അദേഹത്തിന്റെ പ്രതികരണം.

‘ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ജോലി നിര്‍ത്തും. ഐപിഎസി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എന്നെ നിങ്ങള്‍ക്ക് കാണാനാകില്ല’ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാളില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ മമത വേണ്ടത്ര സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബംഗാള്‍ നഷ്ടപ്പെടുകയാണെങ്കില്‍ താന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്ന് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃണമൂലില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നെന്നും ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നല്‍കി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകള്‍ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സുവേന്ദു അധികാരിയുടെ ശക്തി മെയ് രണ്ടിന് അറിയാമെന്നും മമത നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.