പാറ്റ്ന: ബോളിവുഡ്​ സംവിധായകന്‍ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളില്‍ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. കേന്ദ്ര സര്‍ക്കാറിനെ നാസി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച തേജസ്വി, അനുരാഗ്​ കശ്യപിന്‍റെയും തപ്​സി പന്നുവിന്‍റെയും വീടുകളില്‍ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയതില്‍ പ്രതിഷേധിക്കുന്നതായും ട്വീറ്റ് ചെയ്തു.

‘ആദ്യം അവര്‍ രാഷ്ട്രീയ എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആദായനികുതി വകുപ്പിനെയും സി.ബി.ഐയെയും എന്‍ഫോഴ്സ്മെന്‍റിനെയും ഉപയോഗിച്ച്‌ റെയ്ഡുകള്‍ നടത്തി. സത്യം പറയുന്നതിന്‍റെ പേരില്‍ നാസി ഭരണകൂടം ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരെയും ജേണലിസ്റ്റുകളെയും കലാകാരന്മാരെയും വേട്ടയാടുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്’ -തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

അനുരാഗ്​ കശ്യപ്, തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ ആദായനികുതി വകുപ്പ് റെയ്​ഡ് നടത്തിയത്​. നിര്‍മാതാവും സംരംഭകനുമായ മധു വര്‍മ മന്തേന​യുടെ വീട്ടിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​. മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ്​ റെയ്​ഡ്​. നികുതി വെട്ടിപ്പ്​ നടത്തു​ന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ്​ പരിശോധന.

ദേശീയ വിഷയങ്ങളില്‍ നിരന്തരം അഭിപ്രായം പറയുന്ന വ്യക്തികളാണ്​ അനുരാഗ്​ കശ്യപും തപ്​സി പന്നുവും. സംഘ്പരിവാറിന്‍റെ നിരന്തര വിമര്‍ശകര്‍ കൂടിയാണ് ഇവര്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട്​ തപ്​സി പന്നു നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.