മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച 405 പേരാണ് ജില്ലയില്‍ കൊവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,15,482 പേരായി. ബുധനാഴ്ച 280 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 265 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
18,883 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 184 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 60 പേരും 30 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 572 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.