ആലപ്പുഴ:  തെളിവുകളുടെ അഭാവത്തില്‍ സഹോദരനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ അനുജനെ കോടതി വെറുതേ വിട്ടു. ചിങ്ങോലി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെറുമത്ത് വീട്ടില്‍ ശിവന്‍ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി ശിവന്‍പിള്ളയുടെ അനുജന്‍ ചിങ്ങോലി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ചെറുമത്ത് വീട്ടില്‍ ഹരികുമാറിനെയാണ് ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ ഇജാസ് വെറുതെ വിട്ടത്.

2009 മാര്‍ച് 26ന് വൈകിട്ട് 7 നും7.30നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരികുമാറിന്റെ മൂത്ത സഹോദരനും അവിവാഹിതനുമായ ശിവന്‍പിള്ളയെ, അയാള്‍ താമസിച്ചിരുന്ന ചെറുമത്ത് വീടിന്റെ മുന്‍വശം കിണറിന് സമീപം വെച്ച്‌ ഹരികുമാര്‍ കൊലപ്പെടുത്തി വീടിന് വടക്കു പടിഞ്ഞാറു മാറിയുള്ള പുളിമരത്തിന് ചുവട്ടില്‍ കുഴിയെടുത്ത് മറവു ചെയ്തു എന്നായിരുന്നു കരീലകുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്യ്ത കേസ്. 12 വര്‍ഷത്തിന് ശേഷമാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കോടതി വെറുതെ വിട്ടത്.