ആലപ്പുഴ : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് ആലപ്പുഴയില്‍ എത്തും. രാവിലെ 9.30 ന് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് വെച്ച്‌ യാത്രയെ ജില്ലയിലേയ്‌ക്ക്‌ വരവേല്‍ക്കും.

ആദ്യ സ്വീകരണ കേന്ദ്രമായ തുറവൂരില്‍ 10 . 30 ന് യാത്ര എത്തിച്ചേരും. 12 ന് ആലപ്പുഴ നഗരത്തിലും , 4 ന് ഹരിപ്പാട്ടും , 5 ന് മാവേലിക്കരയിലും 6 ന് ചെങ്ങന്നൂരിലും വിജയയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കും. തുറവൂരിലെ സ്വീകരണ സമ്മേളനം ബിജെപിദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയും, ആലപ്പുഴയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രനും ഹരിപ്പാട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മാവേലിക്കരയില്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയും സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ചെങ്ങന്നൂരില്‍ നടക്കുന്ന ജില്ലാതല സമാപന സമ്മേളനം യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തില്‍ ശ്രദ്ധനേടിയ യുവ നേതാവിന്റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുവമോര്‍ച്ച. രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന തേജസ്വിയ്ക്ക് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.