കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം മികച്ച രീതിയില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ആരോഗ്യവകുപ്പിന്‍റെ മുന്നൊരുക്കവും വാക്സിനേഷന്‍റെ ആവശ്യകതയെ കുറിച്ചുള്ള ക്യാമ്പയ്നും ഫലം കണ്ടുവെന്ന് തെളിയിക്കുന്ന പ്രതികരണമാണ് വാക്സിനേഷന് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നത്.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഇന്നലെ വാക്സിന്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി ഇന്ന് രാവിലെ 9 മണിയോടെ വാക്സിന്‍ സ്വീകരിക്കുമെന്നാണ് വിവരം. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിക്കുക.
ഒന്നാം ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. അവര്‍ വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
വാക്സിന്‍ പാര്‍ശ്വ ഫലങ്ങളൊന്നും കാണിക്കുന്നില്ലെന്നത് കേരളത്തിന്‍റെ അനുഭവത്തില്‍ നിന്നും വ്യക്തിമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
60 വയസിന് മുകളിലുള്ളവര്‍ക്കും 45 നും60 നും ഇടയിലുള്ള ഗുരുതര രോഗമുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട വാക്സിനേഷനുവേണ്ടിയുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.