ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്റ് ലംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് കേന്ദ്രമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യയും കോവിഡ് വാക്‌സിന്‍ എടുത്തു.

ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട വാക്‌സിന്‍ കുത്തിവെയ്പ്പില്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്വീകരിച്ചത്. അതിരാവിലെ തന്നെ ഡല്‍ഹി എയിംസ് ആശുപത്രിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും വാക്‌സിന്‍ സ്വീകരിച്ചു.

ആകെ 27 കോടി ജനങ്ങളിലേക്ക് രണ്ടാം ഘട്ട വാക്‌സിനെത്തിക്കണമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യുന്ന പൗരന്മാര്‍ക്ക് കുത്തിവെയ്പ്പിനുള്ള ബുക്കിംഗിനായി ആശുപത്രികളില്‍ സൗകര്യമുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.