തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കെ മുരളീധരന്‍ എംപി. ഈ മാസം ഏഴിന് ദില്ലിയിലേക്ക് പോകുമെന്നും കേരളത്തിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷമേ തിരിച്ചെത്തൂ എന്നും അേേദ്ദഹം പ്രതികരിച്ചു. എംപിമാര്‍ നിമയസഭയിലേക്ക് മല്‍സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്‍ തിരുവനന്തപുരത്തെ നേമത്ത് മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ കെ മുരളീധരന്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍. മുരളീധരന് പാര്‍ട്ടി പ്രത്യേക ഇളവ് നല്‍കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
നേമം ബിജെപിയുടെ ശക്തി കേന്ദ്രമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ 21 വാര്‍ഡുകള്‍ ഈ മണ്ഡലത്തിലാണ്. 14ല്‍ ബിജെപി ജയിച്ചു. ഏതാനും വോട്ടുകള്‍ക്ക് രണ്ടാംസ്ഥാനത്തെത്തിയ വാര്‍ഡുകളുമുണ്ട്. ബിജെപി സ്ഥാനാര്‍ഥി സംസ്ഥാനത്ത് ആദ്യമായി ജയിച്ച മണ്ഡലമാണ് നേമം. ഇത്തവണ സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍ മല്‍സരിക്കില്ല. പകരം കുമ്മനം രാജശേഖരനാണ് സാധ്യത. സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടി മല്‍സരിക്കുമെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ ശക്തരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയെയാണ് കെ മുരളീധരന്റെ പേര് ഉയര്‍ന്നുകേട്ടത്. ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിച്ചിരിക്കുകയാണിപ്പോള്‍. അതേസമയം, നിയമസഭയിലേക്ക് സിറ്റിങ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും അറിയിച്ചു. ഇക്കാര്യത്തില്‍ നേരത്തെ ഹൈക്കമാന്റ് തീരുമാനം എടുത്തതാണ്. നാല് ദിവസത്തിനകം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.