ഗുരുവായൂര്‍: ഉത്സവകാലത്ത് ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും വെര്‍ച്വല്‍ ക്യൂവില്‍ തിരക്കില്ലാത്ത സമയത്ത് ബുക്കിങ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തി പ്രവേശനം നല്‍കാനുമാണ് തീരുമാനം.
പഴുക്കാമണ്ഡപ ദര്‍ശന സമയം നിലവിലെ ഒരു മണിക്കൂറിന് പകരം ഒന്നര മണിക്കൂറാക്കി. ഇതിനുള്ള പാസ് കിഴക്കേ നടയിലെ കൗണ്ടറില്‍ ലഭിക്കും.
പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധന തൊഴാന്‍ കൂടുതല്‍ ഭക്തര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അപേക്ഷിക്കും. യോഗത്തില്‍ ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.