ഡല്‍ഹി: ഇന്ത്യയുടെ വാക്സിന്‍ വിതരണ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും പ്രശംസിച്ച്‌ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസിലെത്തി വാക്സിന്‍ സ്വീകരിച്ച നരേന്ദ്ര മോദി യഥാര്‍ത്ഥ നേതാവിന്റെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ സുധാ മൂര്‍ത്തിക്കൊപ്പം ബംഗലൂരു ‘നാരായണ ഹൃദയാലയ’യിലെത്തി കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമാണ് നാരായണ മൂര്‍ത്തി പ്രധാനമന്ത്രിയെ പ്രശംസിച്ചത്. താനും ഭാര്യയും കഴിഞ്ഞ ദിവസമാണ് വാക്സിന് രജിസ്റ്റര്‍ ചെയ്തത്. വാക്സിന്‍ സ്വീകരിച്ച ശേഷം സുഖമായിരിക്കുന്നതായും 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ സ്വീകരിച്ച ശേഷവും മാസ്ക് ഉപയോഗം തുടരുമെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ച്‌ മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി.