കടുതുരുത്തി: കോണ്‍​ഗ്രസിനകത്ത് ജിഹാദി കോണ്‍​ഗ്രസ് പിടിമുറുക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കടുതുരുത്തിയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

എ,ഐ ഗ്രൂപ്പുകളേക്കാള്‍ ശക്തമാണ് ജിഹാദി ഗ്രൂപ്പ്. യുഡിഎഫില്‍ ആരാണ് നേതാവെന്നും എവിടെ ആരൊക്കെ മത്സരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍​ഗ്രസില്‍ അവ​ഗണിക്കപ്പെടുകയാണ്. കെ.സുധാകരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഇതാണ്. കോണ്‍ഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് മുഴുവന്‍ ബി.ജെ.പിയാകുമെന്ന് കെ.സുധാകരന്‍ പറഞ്ഞത്.
ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ജിഹാ​ദികള്‍ തട്ടിക്കൊണ്ട് പോയി മതപരിവര്‍ത്തനത്തിനിരയാക്കുകയാണ്. ഒരുമിച്ച്‌ നിന്നാല്‍ എല്ലാവര്‍ക്കും രക്ഷയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത ഡിലിമിറ്റില്‍ മലപ്പുറത്ത് കൂടുന്ന സീറ്റുകള്‍ കോട്ടയത്താണ് കുറയുക.

കോട്ടയത്തെ നെല്‍കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍്റെ നേട്ടമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ പോയി ട്രാക്ടറ്റര്‍ ഓടിക്കുന്ന ഇടതുപക്ഷ എം.പിമാര്‍ സ്വന്തം നാട്ടിലെ കര്‍ഷകരുടെ ദാരുണമായ അനുഭവം കാണുന്നില്ല. നെല്ല് കൂട്ടിയിട്ട് കത്തിക്കേണ്ട ദുര്‍ഗതിയാണ് നെല്‍ക്കര്‍ഷകര്‍ക്കുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.