കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാകുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച സൂപ്പർ പവറിന്റെ പതനമാണ് സ്വർണക്കടത്ത് കേസിലൂടെയുണ്ടായത്.

എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക്, പഠനത്തിലും പിന്നീട് ഔദ്യോഗിക ജീവിതത്തിലും മികച്ച ട്രാക്ക് റെക്കോഡ്. എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. സംസ്ഥാന ഭരണത്തിന്റെ താക്കോൽ സ്ഥാനത്തിരുന്ന ശിവശങ്കറിന്റെ പതനം സ്വപ്ന സുരേഷുമായുള്ള സൗഹൃദത്തിലാണ് തുടങ്ങിയത്. ശിവശങ്കർ തൊട്ടതെല്ലാം വിവാദമായിരുന്നു. പ്രളയ പുനർനിർമാണത്തിന് കെപിഎംജി, കൊവിഡ് കാലത്ത് സ്പ്രിംക്ലർ, പമ്പ മണൽ കടത്ത്, ഇടയ്‌ക്കെത്തിയ ഇ-ബസ് അങ്ങനെ ശിവശങ്കർ സ്പർശമുള്ള വിവാദങ്ങൾ നിരവധി. പ്രതിപക്ഷത്തിന് പുറമേ സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പുണ്ടായിട്ടും ശിവശങ്കറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഒടുവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ശിവശങ്കറിന്റെ അറസ്റ്റ്. ജൂൺ 30 ന് സ്വർണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയെങ്കിലും ജൂലൈ 6നാണ് ശിവശങ്കറിലേക്കെത്തുന്നത്. പിന്നീട് പല ദിവസങ്ങളിലായി നൂറു മണിക്കൂറുകളോളം ശിവശങ്കറെ ചോദ്യം ചെയ്തു. ഇതും സംസ്ഥാനത്ത് ആദ്യമാണ്.