ന്യൂഡല്‍ഹി : കൊറോണ കാലത്ത് ജയിലിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജയിലില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യം കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടന ആയ നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

കൊറോണ നിയന്ത്രണ വിധേയമാണെന്നും തടവുകാര്‍ക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവോടെ ഡല്‍ഹിയില്‍ 2318 വിചാരണ തടവുകാര്‍ക്ക് ജാമ്യം റദ്ദാകും. അതേസമയം ഉത്തരവ് നടപ്പാക്കിയാല്‍ ജയിലുകളില്‍ വീണ്ടും തിരക്ക് ഉണ്ടാകുമെന്നും അത് കൊറോണ വ്യാപനത്തിന് വഴിയൊരുക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ രാജ്യത്ത് കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതിനാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റുമാരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമതിയും സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.