സംഗീത സംവിധായന്‍ വിദ്യാസാഗറിന്റെ അമ്പത്തിയേഴാമത്‌ പിറന്നാളാണ് ഇന്ന്. തന്റെ പ്രിയ സംഗീത സംവിധായകന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച മലയാള സിനിമ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രീതി നേടി കാലാനുവര്‍ത്തികളായ ഹിറ്റുകളാണ്.

നടന്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംഗീത സംവിധയകന്‍ വിദ്യാസാഗറിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. തന്റെ ചലച്ചിത്രങ്ങളെ മനോഹരമാക്കിയ ഈണങ്ങള്‍ക്ക്, തന്റെ കരിയറില്‍ ഉടനീളം കടപ്പെട്ടിരിക്കുന്നത് വിദ്യാസാഗറിനോടായിരിക്കുമെന്നാണ് താരം കുറിച്ചത്.

ഈണങ്ങളെ സമര്‍ത്ഥമായി സമന്വയിപ്പിച്ച്‌ കാലാതീതമായ സംഗീതം സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനാണ് വിദ്യാസാഗറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ ഇന്‍ ബെത്‌ലഹേം, രണ്ടാംഭാവം, പ്രണയവര്‍ണ്ണങ്ങള്‍, ഡ്രീംസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ എപ്പോള്‍ കേട്ടാലും തനിക്ക് ആനന്ദമുണ്ടാകും എന്നും, മെലഡി കിംഗിന് ഇനിയും നിരവധി വര്‍ഷത്തെ ശാന്തമായ സംഗീതം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.